തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ സമയമാറ്റം ഉൾപ്പെടെ വിവാദ നിർദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് പരിഗണിക്കുന്നത് മന്ത്രിസഭാ യോഗം മാറ്റിവെച്ചു. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിടാതെ പൂഴ്ത്തിവെച്ച റിപ്പോർട്ടാണ് അംഗീകാരത്തിനായി ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി വന്നത്. ഇതിനു പുറമെ, സ്കൂളുകളിലെ തസ്തിക നിർണയം ഉൾപ്പെടെ വിവാദ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ആയുര്‍വേദ ചികിത്സയിലായ സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് മന്ത്രിസഭയോഗം ചേർന്നത്.
പിന്നീടു വിശദമായി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ട് പരിഗണിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ഇ-ഓഫിസ് സംവിധാനം ഉള്‍ക്കൊള്ളുന്ന ഇ- ഫയലിങ് തകരാറിലായതോടെ മന്ത്രിസഭയുടെ അജണ്ട അടക്കം മന്ത്രിമാര്‍ക്കു മുന്‍കൂട്ടി നല്കാന് കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയവും ലഭിച്ചില്ല. ബുധനാഴ്ച രാവിലെ 11 മുതല്‍ ഓണ്‍ലൈനായിട്ടു ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതുമായി ബന്ധപ്പെട്ട അജണ്ട പരിഗണനക്ക് എത്തിച്ചത്.
അധ്യയന സമയത്തിലെ മാറ്റത്തിന് പുറമെ, തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ടു വരുന്ന അപാകതകള്‍, ഹൈസ്കൂളും ഹയര്‍സെക്കന്‍ഡറിയും വേര്‍തിരിക്കാതെയുള്ള ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ ഏകീകരണം തുടങ്ങിയവ പ്രധാന നിര്‍ദേശങ്ങളായിരുന്നു. റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുമെന്ന കണക്കുകൂട്ടലിൽ വിദ്യാഭ്യാസ മന്ത്രി ബുധനാഴ്ച വൈകീട്ട് വാർത്തസമ്മേളനവും വിളിച്ചിരുന്നു.
റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കാതിരുന്നതോടെ വാർത്തസമ്മേളനം മാറ്റിവെക്കുകയും ചെയ്തു. ഖാദർ കമ്മിറ്റി ഒന്നാം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഒന്നാക്കുകയും ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഏകീകരിക്കാൻ തീരുമാനിക്കുകയും ചെയ്തത്. സ്കൂളുകളുടെ അക്കാദമിക മേഖലയിൽ വേണ്ട പരിഷ്കരണങ്ങൾക്ക് ഊന്നൽ നൽകിയാണ് രണ്ടാം ഭാഗം.