വാഷിങ്ടൺ: ബഹിരാകാശ പേടകത്തിലെ തകരാറുകൾമൂലം ഒരുമാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിനെ തിരിച്ചെത്തിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് നാസ. ബോയിങ് ക്യാപ്സ്യൂളിന്റെ പ്രശ്നങ്ങൾ എൻജിനീയർമാർ പരിഹരിക്കുന്നത് വരെ നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു.
റിട്ടേൺ തീയതി പ്രഖ്യാപിക്കാൻ മിഷൻ മാനേജർമാർ തയാറല്ലെന്ന് നാസയുടെ കൊമേഴ്ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് പറഞ്ഞു. വിൽമോറിനെയും വില്യംസിനെയും സ്റ്റാർലൈനറിൽ തിരികെ കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെസ്റ്റ് പൈലറ്റുമാരായ ബുച്ച് വിൽമോർ ആണ് സുനിത വില്യംസിനൊപ്പം ഉള്ളത്. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, പേടകത്തിന്റെ സാങ്കേതിക തകരാർ മൂലം ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു. ഹ്രസ്വകാല ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പക്ഷേ, സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ദൗത്യത്തിന്റെ കാലാവധി ദീർഘിക്കുകയായിരുന്നു.