ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽവെച്ച് അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടിയെ ‘ഇൻഷുറൻസ് അറസ്റ്റ്’ എന്ന് വിശേഷിപ്പിച്ച് അഭിഭാഷകൻ അഭിഷേക് മനു സിങ്വി. വളഞ്ഞ വഴിയിലൂടെ കെജ്രിവാളിന്റെ ജയിൽ മോചനം തടയാനാണ് സി.ബി.ഐ ലക്ഷ്യമിട്ടതെന്നും സിങ്വി ഹൈകോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവെ പറഞ്ഞു.
“കെജ്രിവാളിന്റെ മോചനം അനുവദിച്ചുകൊണ്ടുള്ള മൂന്ന് ഉത്തരവുകൾ ഇതുവരെ വന്നിട്ടുണ്ട്. സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നൽകിയ ഇടക്കാല ജാമ്യമാണ് ആദ്യത്തേത്. സുപ്രീംകോടതി ഇ.ഡി കേസിൽ അനുവദിച്ച ഇടക്കാല ജാമ്യമാണ് രണ്ടാമത്തേത്. വിചാരണ കോടതി അനുവദിച്ച ജാമ്യം ഈ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
‘ഇൻഷുറൻസ് അറസ്റ്റ്’ ആണ് ഈ കേസിന്റെ ഏറ്റവും വലിയ സവിശേഷത. യാതൊരു തെളിവുമില്ലാതെയാണ് സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ പുറത്തുവരുമെന്ന് ഉറപ്പായപ്പോഴാണ് അവർ അറസ്റ്റ് ചെയ്തത്. അദ്ദേഹമൊരു മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല. ഞാൻ സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ല, ഇത് മറ്റാരുടെയോ തീരുമാന പ്രകാരമുള്ള അറസ്റ്റാണ്” -സിങ്വി പറഞ്ഞു.
മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം വിചാരണ കോടതി ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം ഹൈകോടതി ജാമ്യം സ്റ്റേ ചെയ്ത നടപടി ചോദ്യം ചെയ്ത് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിഷയം പരിഗണിക്കാനിരിക്കെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സമാന രീതിയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതും അഭിഷേക് സിങ്വി ചൂണ്ടിക്കാണിച്ചു. നിയമവിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ കുറ്റവിമുക്തനായ ഇമ്രാനെതിരെ മറ്റ് മൂന്ന് കേസുകൾ ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.