ആമ്പല്ലൂർ: സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ആമ്പല്ലൂർ സ്വദേശിയിൽനിന്ന് 15.5 ലക്ഷം രൂപ തട്ടിയെടുത്തയാളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശി പന്തലംകുന്നേൽ വീട്ടിൽ നിയാസാണ് (40) അറസ്റ്റിലായത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
പണം തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അങ്ങാടിപ്പുറത്തുനിന്നാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ചലച്ചിത്ര സംവിധായകരുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് വിശ്വസിപ്പിച്ചാണ് പ്രതി ആമ്പല്ലൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയത്.
പെട്രോൾ പമ്പിലെ ജീവനക്കാരനായ ഇയാൾ വീട് പണിയാൻ നീക്കിവെച്ച പണവും സ്വർണം വിറ്റ പണവുമാണ് നൽകിയത്. പ്രതി സമാനരീതിയിൽ നിരവധി പേരിൽനിന്ന് പണം തട്ടിയതായി പൊലീസ് പറഞ്ഞു. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാർ, എസ്.ഐമാരായ പി.ആർ. സുധീഷ്, കെ. കൃഷ്ണൻ, ഗ്രേഡ് സീനിയർ സി.പി.ഒമാരായ വി.ഡി. അജി, കെ.ആർ. സജീവ്, സി.പി.ഒ കെ.വി. ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.