ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിൽ വാരിക്കോരി കിട്ടിയത് ആന്ധ്രപ്രദേശിനാണ്.
ബജറ്റിലുടനീളം പ്രകടിപ്പിച്ച ആന്ധ്രപ്രേമം ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനെത്തിയ സാരിയിലും തിളങ്ങിയിരുന്നു. മജന്ത ബോർഡറിലുള്ള, ആന്ധ്രയിൽ പ്രചാരത്തിലുള്ള ‘മംഗൾഗിരി’ വെള്ള സിൽക്ക് സാരിയാണ് മന്ത്രി ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുത്തത്. ബജറ്റിനൊപ്പം ആന്ധ്ര സാരിയും ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിൽ പതിവുപോലെ സജീവ ചർച്ചയായി.
ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രി ബജറ്റ് അവതരണത്തിന് പുറപ്പെട്ടത്.
ഉദ്യോഗസ്ഥരോടൊപ്പമാണ് നിര്‍മല രാഷ്ട്രപതി ഭവനിലെത്തിയത്. ധനമന്ത്രിയെ ‘ദഹി ചീനി’ (മധുരമുള്ള തൈര്) നല്‍കിയാണ് രാഷ്ട്രപതി സ്വീകരിച്ചത്. ഏതെങ്കിലും ശുഭകാര്യത്തിനുമുമ്പ് ദഹി ചീനി നല്‍കുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.