ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്കിൽ തൊഴിലാളികളുമായും ലോക്കോ പൈലറ്റുമാരുമായും സംവദിക്കുന്നതിന്റെ വിഡിയോ രാഹുൽ പുറത്ത് വിട്ടു. വിഡിയോയിൽ വിവിധ വിഭാഗം ജനങ്ങൾ അവർ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്നുണ്ട്.
വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യരെല്ലാം പണപ്പെരുപ്പം, ദാരിദ്രം എന്നിവയെല്ലാം തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ കുറിച്ചാണ് സംസാരിക്കുന്നത്. കോൺഗ്രസിന്റെ ഭരണകാലത്ത് തങ്ങളുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടതായിരുന്നുവെന്നും വിഡിയോയിൽ ആളുകൾ പറയുന്നുണ്ട്.
പണപ്പെരുപ്പം, തൊഴിലില്ലായ്മ, സർക്കാറിന്റെ നിഷേധ മനോഭാവം എന്നിവ മൂലമുള്ള ദുരിതത്തിലാണ് രാജ്യത്തിലെ ജനങ്ങൾ. കൂലിവേലക്കാർ മുതൽ സർക്കാർ ജീവനക്കാർ വരെ ഇതിന്റെ ദുരിതങ്ങൾ അനുഭവിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ താൻ പാർലമെന്റിൽ ഉന്നയിക്കും. തെരുവുകളിലെ ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കും. ആളുകളുടെ അവകാശത്തിനും നീതിക്ക് വേണ്ടിയായിരിക്കും തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.