ദോഹ: ആഗോള സമാധാന സൂചികയില്‍ മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഖത്തര്‍ രണ്ടാം സ്ഥാനത്ത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് ആണ് പട്ടിക തയാറാക്കിയത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് റിപ്പോര്‍ട്ടില്‍ 163 രാജ്യങ്ങളില്‍ 29ാം സ്ഥാനത്താണ് ഖത്തര്‍. മിഡിലീസ്റ്റ്- നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ കുവൈത്ത് മാത്രമാണ് ഖത്തറിന് മുന്നിലുള്ളത്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍മൂലം കഴിഞ്ഞ തവണത്തേക്കാൾ ഒമ്പത് സ്ഥാനം താഴേക്കിറങ്ങിയെങ്കിലും ലോകത്തെ നിരവധി വികസിത രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഖത്തർ. വ്യക്തി സുരക്ഷ, സാമൂഹിക സുരക്ഷ, ആഭ്യന്തര -അന്താരാഷ്ട്ര സംഘർഷങ്ങൾ, സൈനികവത്കരണത്തിന്റെ തോത് തുടങ്ങി 23 ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് പട്ടിക തയാറാക്കിയത്.
ഐസ്ലന്ഡ്, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലൻഡ്, സിംഗപ്പൂര്‍, സ്വിറ്റ്സർലൻഡ്, പോർചുഗൽ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവും സമാധാനം നിറഞ്ഞ രാജ്യങ്ങള്‍. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണവും റഷ്യയുടെ യുക്രെയ്ന് അധിനിവേശവും സമാധാന സൂചികയിലെ ക്രമത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്ഥാനം 116 ആണ്.