പാരിസ്
ട്രാക്കിലെ റാണി സിംഹാസനം ഒഴിയുന്നു. പാരിസിലേത് അവസാന ഓട്ടമാണെന്ന് ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആൻഫ്രേസർ പ്രൈസ് പ്രഖ്യാപിച്ചു. 17 വർഷമായി ട്രാക്കിലുണ്ട്. പിന്നിട്ട ദൂരവും വേഗവും ചെറുതല്ല. ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പ്രിന്റർ എന്ന പേരുമായാണ് മടക്കം. എട്ട് ഒളിമ്പിക്സ് മെഡലുകൾ, 16 ലോക ചാമ്പ്യൻഷിപ് മെഡലുകൾ… മറ്റൊരു അത്ലീറ്റിനും ഇല്ലാത്ത നേട്ടം. പുരുഷ–-വനിതാ താരങ്ങളിൽ ഈ റെക്കോഡിനെ വെല്ലാൻ മറ്റൊരു ചാമ്പ്യൻ പിറന്നിട്ടില്ല. ഇത്തവണ 100 മീറ്ററിൽമാത്രമാണ് മുപ്പത്തേഴുകാരി മത്സരിക്കുന്നത്. റിലേയിലുമുണ്ട്. 200 മീറ്ററിൽനിന്ന് പിന്മാറി.
ജമൈക്കയിലെ കിങ്സ്റ്റണിൽ തെരുവുകച്ചവടക്കാരിയുടെ മകളായി ജനനം. കുട്ടിക്കാലംതൊട്ടേ ഓട്ടം തുടങ്ങി. പ്രൈമറി സ്കൂൾമുതൽ സർവകലാശാലവരെ ട്രാക്കുകൾ കീഴടക്കി കുതിച്ചു. 2007ൽ ജമൈക്കൻ കുപ്പായത്തിൽ അരങ്ങേറ്റം. 2008 ബീജിങ് ഒളിമ്പിക്സിലായിരുന്നു കൊടുങ്കാറ്റായത്. 100 മീറ്ററിൽ സ്വർണം നേടി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഒന്നരപ്പതിറ്റാണ്ടായി ട്രാക്ക് വാഴുന്നു. ടോക്യോവരെയുള്ള എല്ലാ ഒളിമ്പിക്സിലും മെഡൽ വാരി. മൂന്ന് സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് നേട്ടം. ടോക്യോയിൽ അമ്മയായതിനുശേഷമായിരുന്നു വരവ്. 100 മീറ്ററിൽ വെള്ളിയും റിലേയിൽ സ്വർണവും നേടി. പാരിസിൽ അഞ്ചാം ഒളിമ്പിക്സാണ്.
‘മകന് എന്നെ വേണം, ഇനി അവനുള്ളതാണ് എന്റെ സമയം’ എന്ന് ലളിതമായി പറഞ്ഞാണ് ഷെല്ലി വിരമിക്കൽ പ്രഖ്യാപിച്ചത്. 2017ലാണ് മകൻ സിയോണിന് ജന്മം നൽകിയത്. പിന്നാലെ തിരിച്ചെത്തി. 2019 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. 100 മീറ്ററിൽ ചാമ്പ്യനാകുന്ന ആദ്യ അമ്മയും പ്രായംകൂടിയ വനിതയുമായി. ‘എല്ലാ അമ്മമാരുടെയും വിജയം’ എന്നായിരുന്നു ജമൈക്കക്കാരിയുടെ അന്നത്തെ പ്രതികരണം. പാരിസിൽ ഒരുങ്ങിത്തന്നെയാണ് വരവ്. ‘എല്ലാം അവസാനിച്ചാൽമാത്രമേ നിങ്ങൾക്ക് അവസാനിച്ചു എന്നു നിശ്ചയമായും പറയാനാവുക. പാരിസിൽ വെറുതെ വിടപറയാൻ വരുന്നതല്ല. സ്വർണമാണ് ലക്ഷ്യം’–- ചാമ്പ്യൻ പറയുന്നു.