കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം സ്വദേശിയായ മൂന്നര വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ആണെന്ന് കണ്ടെത്തിയത് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കണ്ണൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി വെന്റിലേറ്ററിലാണെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അമീബിക് രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരനും ആശുപത്രിയിലുണ്ട്. കോഴിക്കോട് തിക്കോടി സ്വദേശിയായ കുട്ടി കഴിഞ്ഞ തിങ്കളാഴ്ച രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.