ഷാറൂഖ് ഖാനും മകൾ സുഹാന ഖാനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് കിങ്. ചിത്രത്തിൽ അച്ഛനും മകൾക്കും വില്ലനായി എത്തുന്നത് നടൻ അഭിഷേക് ബച്ചനെന്ന് റിപ്പോർട്ട്. ‘രാവൺ’, ‘ഗുരു’ എന്നീ ചിത്രങ്ങളിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് പൂർണ്ണ വില്ലനായി നടൻ എത്തുന്നത്.
വാർത്ത ശരിവെച്ച് അമിതാഭ് ബച്ചൻ എത്തിയിട്ടുണ്ട്. മകന് ആശംസ നേർന്നുകൊണ്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതാണ് സമയമെന്നും ബച്ചൻ കുറിച്ചിട്ടുണ്ട്.ഘൂമർ ആണ് അഭിഷേക് ബച്ചന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
അഭിഷേക് ബച്ചന്റെ കരിയറിലെ നിർണ്ണായക കഥാപാത്രമായിരിക്കും കിങ്ങിലേതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വ്യത്യസ്ത രീതിയിലാണ് സംവിധായകൻ ജൂനിയർ ബച്ചനെ അവതരിപ്പിക്കുന്നതെന്നാണ് അണിയറ പ്രവർത്തകരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആക്ഷൻ മേൽനോട്ടം വഹിക്കുന്നത് സംവിധായകന് സിദ്ധാർഥ് ആനന്ദാണ്. സൂപ്പർ ഹിറ്റ് ചിത്രമായ പത്താന് ശേഷം കിങ് ഖാനും സിദ്ധാർഥ് ആനന്ദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കിങ് എന്ന ചിത്രത്തിനുണ്ട്. കിങ് അടുത്ത വർഷം ഡിസംബറിലെത്തുമെന്നാണ് റിപ്പോർട്ട്. ഷാറൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് റെഡ് ചില്ലീസും, സിദ്ധാർഥ് ആനന്ദിന്റെ മാർഫ്ലിക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡങ്കിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം.
സുഹാന ഖാന്റെ രണ്ടാമത്തെ ചിത്രമാണിത്. സോയ അക്തറിന്റെ ദി ആർച്ചീസിലൂടെയായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം.ഒ.ടി.ടിയിലാണ് ചിത്രം റിലീസ് ചെയ്തത്.