തിരുവനന്തപുരം: വെറ്ററിനറി സർവ കലാശാലയിൽ ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്ന വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് പുതിയ വി.സി യെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. സാങ്കേതിക സർവകലാശാലയിൽ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിക്ക് സമാന്തരമായി സർക്കാർ മറ്റൊരു കമ്മിറ്റി രൂപവത്കരിച്ചതിന് സമാനമായാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. മൃഗ സംരക്ഷണ വകുപ്പാണ് കമ്മിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
യൂനിവേഴ്സിറ്റി നിയമത്തിലുള്ള ഗവർണറുടെ പ്രതിനിധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ ഉത്തരവ്. യൂനിവേഴ്സിറ്റി നിയമത്തിൽ നിന്നും വ്യത്യസ്തമായി സർവകലാശാലയുടെയും, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും പ്രതിനിധികളെ സർക്കാർ കമ്മിറ്റിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ പേരുകൾ പ്രത്യേക ഉത്തരവായി പിന്നീട് തീരുമാനിക്കും.
സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ ഉടനടി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ: മേരി ജോർജ്, ഗവർണറെയും സർക്കാരിനെയും എതിർകക്ഷികളാക്കി ഫയൽ ചെയ്തിട്ടുള്ള ഹരജിയിൽ നാളെ വാദം കേൾക്കാനിരിക്കെയാണ് ഗവർണർ രൂപവത്കരിച്ച കമ്മിറ്റികൾക്ക് സമാന്തരമായി സർക്കാർ പുതിയ കമ്മിറ്റികൾ രൂപവത്കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.