ന്യൂഡൽഹി: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാവീഴ്ച ആവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാറിനാണ് ഉത്തരവാദിത്തമെന്ന് രാഹുൽ കുറ്റപ്പെടുത്തി.
‘ജമ്മു കശ്മീരിൽ തീവ്രാവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ സൈനികർ വീരമത്യു വരിച്ചു. വീരമൃത്യുവരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കാളിയാകുന്നു. ഇത്തരം ഭീതിജനകമായ സംഭവങ്ങൾ ആവർത്തിക്കുന്നത് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്. തുടർച്ചയായ തീവ്രവാദി ആക്രമങ്ങൾ ജമ്മു കശ്മീരിനെ മോശം അവസ്ഥയിലേക്ക് നയിക്കും.
ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഭാരം നമ്മുടെ സൈനികരും അവരുടെ കുടുംബങ്ങളും അനുഭവിക്കുകയാണ്. സുരക്ഷാവീഴ്ച ആവർത്തിക്കുന്നതിലെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്ന് ചൂണ്ടിക്കാട്ടുന്ന ഓരോ ഇന്ത്യൻ പൗരനും രാജ്യത്തെയും സൈനികരെയും തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായി നടപടികൾ വേണമെന്നും ആവശ്യപ്പെടുന്നു. ദുഃഖ വേളയിൽ രാജ്യം മുഴുവൻ ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നു’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനിക ഓഫിസർ ഉൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഭീകരരെ തിരഞ്ഞ് ദോഡ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ പൊലീസ് പ്രത്യേക വിഭാഗവും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിടെയാണ് ആക്രമണം ഉണ്ടായത്.
പാകിസ്താന്റെ പിന്തുണയുള്ള ജെയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കത്വയിൽ ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.