പുണെ: വിവാദ ഐ.എ.എസ് ട്രെയിനി ഓഫിസർ പൂജ ഖേദ്കറിന്റെ അമ്മ മനോരമ പിസ്റ്റൾ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ അവർ മെട്രോ തൊഴിലാളികളുമായി തർക്കിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു.
തോക്ക് ചൂണ്ടുന്ന മനോരമയുടെ മുൻ വീഡിയോ വൈറലായതോടെ തോക്കിന് ലൈസൻസ് ഉണ്ടോ എന്നതുൾപ്പെടെയുള്ള വസ്തുതകൾ അന്വേഷിക്കുമെന്ന് പുണെ റൂറൽ പോലീസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പുണെയിൽ മെട്രോ റെയിൽ നിർമാണ തൊഴിലാളികളുമായി അവർ തർക്കിക്കുന്നത് കാണിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. വിഡിയോയിൽ ചില പോലീസുകാരുടെ സാന്നിധ്യമുണ്ട്.
എന്നാൽ 27 സെക്കൻഡ് നീണ്ടുനിൽക്കുന്ന ക്ലിപ്പിന്റെ കൃത്യമായ തീയതി അറിവായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് തോക്ക് ചൂണ്ടി ഒരു കൂട്ടം പുരുഷന്മാരെ ഭീഷണിപ്പെടുത്തുന്ന അവരുടെ മറ്റൊരു ക്ലിപ്പ് വൈറലായിരുന്നു. വിരമിച്ച മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് ദിലീപ് ഖേദ്കർ വാങ്ങിയ ഭൂമിയെക്കുറിച്ചുള്ളതാണ് വീഡിയോയിലെ സംഭവം. ഖേദ്കർ അയൽ കർഷകരുടെ ഭൂമി കൈയേറിയതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. മുൻ ഐ.എ.എസ് ഓഫിസറായ പിതാവ് അനർഹമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് പൂജയുടെ ഓഫിസ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു.
പരീക്ഷയിൽ റാങ്ക് കുറവായിരുന്നിട്ടും ഐ.എ.എസിലേക്ക് പ്രവേശനം നേടുന്നതിനായി ഒ.ബി.സി നോൺ ക്രീമിലെയർ, ഫിസിക്കലി ഹാൻഡിക്കാപ്പ്ഡ് സർട്ടിഫിക്കറ്റുകൾ പൂജ ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്.