ന്യൂഡൽഹി: വിമാന നിരക്ക് വർധനക്കെതിരെ ഷാഫി പറമ്പിലിന്റെ പ്രമേയത്തിൽ നടപടിയെടുത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചോദ്യോത്തരവേളയിൽ വിഷയമുന്നയിച്ച ഷാഫി പറമ്പിൽ വെള്ളിയാഴ്ച സ്വകാര്യ പ്രമേയമായും ഇതുന്നയിച്ചപ്പോഴാണ് സ്പീക്കർ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്പീക്കറുടെ നിർദേശം മാനിക്കുമെന്ന് മന്ത്രി സഭക്ക് ഉറപ്പു നൽകി.
ശനിയാഴ്ചത്തെ എയർ ഇന്ത്യ കൊച്ചി-ദുബൈ ‘എ.ഐ 933’ വിമാനത്തിൽ കേവലം നാല് സീറ്റുകൾ ബാക്കി കിടക്കുമ്പോൾ 19,062 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ അതേ വിമാനത്തിൽ ഓഗസ്റ്റ് 31ന് ഏഴ് സീറ്റുകൾ ബാക്കിയുള്ളപ്പോൾ 77,543 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതെങ്ങിനെയാണ് നീതീകരിക്കാനാകുകയെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ഒരു വിമാനക്കമ്പനിയല്ല, എല്ലാ വിമാനക്കമ്പനികളുമിതാണ് ചെയ്യുന്നത്. ഗൾഫിലെ പ്രവാസികൾ ഭൂരിഭാഗവും സമ്പന്നരല്ലെന്നും ഭക്ഷണത്തിനും താമസത്തിനും പോലും പ്രയാസപ്പെടുന്നവരാണെന്നും ശാഫി ഓർമിപ്പിച്ചു. അവരിൽ പലരും മാതാപിതാക്കളുടെ ചികിൽസക്കും മക്കളുടെ സ്കൂൾ പഠനത്തിനും ഗൾഫിൽ കഴിയുന്നവരാണ്.
വ്യാഴാഴ്ച മന്ത്രി നൽകിയ മറുപടി ജനങ്ങൾക്ക് ചില പ്രതീക്ഷകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാറിന്റെ ഇടപെടലിന് അവർ കാത്തിരിക്കുകയാണെന്നും ഷാഫി പറഞ്ഞതോടെ വിഷയത്തിൽ സ്പീക്കർ ഓം ബിർള ഇടപെട്ടു. ഈ വിഷയത്തിൽ വിമാനക്കമ്പനികളെ വിളിച്ച് ചർച്ച നടത്തണമെന്ന് സ്പീക്കർ മന്ത്രിയോട് ആവശ്യപ്പെട്ടു. അതിന് തയാറാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ലോക്സഭക്ക് ഉറപ്പു നൽകി.
ഗൾഫ് മേഖലയിലെ വിമാന നിരക്കിലെ അനിയന്ത്രിതമായ വാർധനവിനെ സംബന്ധിച്ച് വിശദമായ പ്രത്യേക അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തെ പിന്തുണച്ച് എൻ.കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ വിമാന കമ്പനികൾ ഈടാക്കുന്ന നിരക്ക് പകൽ കൊള്ളക്ക് സമാനമാണ്. ഗൾഫ് യാത്രികരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ നടപടി നിയന്ത്രിക്കാൻ ശക്തമായ സംവിധാനം ഉണ്ടാകണം. അനിയന്ത്രിതമായുണ്ടാക്കുന്ന വിമാനം നിരക്ക് നിയന്ത്രിക്കാനും പരിശോധിക്കാനും അർദ്ധ ജുഡീഷ്യൽ സ്വഭാവം ഉള്ള സംവിധാനത്തിന് രൂപം നൽകണം. ഇതിനായി എയർക്രാഫ്റ്റ് നിയമ ഭേദഗതി ചെയ്യണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.