കുവൈത്ത് സിറ്റി: രാജ്യത്തെ വിനോദസഞ്ചാര പദ്ധതികൾക്ക് വേഗം കൂട്ടുന്നു. പദ്ധതികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനും ടൂറിസത്തിൽ കുവൈത്തിന്റെ പങ്ക് വർധിപ്പിക്കാനും ടൂറിസം പ്രോജക്ട്സ് കമ്പനിയോട് മന്ത്രിമാരുടെ കൗൺസിൽ നിർേദശം നൽകി. പദ്ധതി പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കി.
പ്രതിവാര സെഷനിൽ ടൂറിസം പ്രോജക്ട് കമ്പനിയുടെ ഈ വർഷത്തെ പദ്ധതികൾ വിവരിക്കുന്ന അവതരണം മന്ത്രിമാരുടെ കൗൺസിൽ അവലോകനം ചെയ്തു. വാട്ടർ ഫ്രണ്ടിന്റെ പൂർത്തീകരണം, മെസ്സില ബീച്ചിന്റെ പ്രവർത്തനം, അൽ ഷാബ് മറൈൻ ക്ലബിന്റെ വികസനം, റാസ് അൽ അർദ് ക്ലബിന്റെ പ്രവർത്തനം, ഖൈറാൻ പാർക്കിന്റെ വിപുലീകരണം എന്നിവയെല്ലാം പ്രധാന പദ്ധതികളാണ്.
രാജ്യത്ത് വിനോദ പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രതിബദ്ധതക്ക് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ഉദ്യോഗസ്ഥരോടും ജീവനക്കാരോടും കൗൺസിൽ നന്ദി രേഖപ്പെടുത്തി.