ബംഗളൂരു: കർണാടകയിലെ വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുടുക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന വെളിപ്പെടുത്തലുമായി കർണാടക സർക്കാർ ജീവനക്കാരൻ. മുരളി കണ്ണൻ, മിത്തൽ എന്നീ രണ്ട് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയാണ് ഇക്കാര്യത്തിൽ കർണാടക പൊലീസിന് പരാതി നൽകിയിരിക്കുന്നത്.
ജൂലൈ 16ന് ഇ.ഡി ചോദ്യം ചെയ്തപ്പോൾ 17ഓളം ചോദ്യങ്ങളാണ് ചോദിച്ചത്. അതിനെല്ലാം മറുപടി പറയുകയും ചെയ്തിരുന്നു. ഇതിനിടെ ഇ.ഡി ഉദ്യോഗസ്ഥനായ കണ്ണൻ മുൻ മന്ത്രി ബി.നാഗേന്ദ്രയുടെയും സിദ്ധരാമയ്യയുടേയും പേര് പറയാൻ നിർബന്ധിച്ചു. കേസിൽ ഇ.ഡിയുടെ സഹായമുണ്ടാവണമെങ്കിൽ സിദ്ധരാമയ്യയുടെ പേര് പറയണമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നും കർണാടക സർക്കാർ ജീവനക്കാരന്റെ പരാതിയിൽ പറയുന്നു.
യുണിയൻ ബാങ്കിന്റെ എം.ജി റോഡ് ശാഖയിൽ നിന്നും മുഖ്യമന്ത്രിയുടേയും നാഗേന്ദ്രയുടേയും നിർദേശപ്രകാരമാണ് പണം ട്രാൻസ്ഫർ ചെയ്തതെന്ന് പറയാനും ഉദ്യോഗസ്ഥർ നിർബന്ധിച്ചു. തനിക്ക് അഴിമതിയുമായി ഒരു ബന്ധവുമില്ല. എന്നാൽ, തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണ് ഇ.ഡി ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും കർണാടക സർക്കാർ ജീവനക്കാരൻ പറഞ്ഞു.
കർണാടക സർക്കാറിന് കീഴിലെ മഹർഷി വാല്മീകി പട്ടികജാതി വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ മന്ത്രി ബി. നാഗേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിരുന്നു. നാഗേന്ദ്രയുടെയും പട്ടിക ജാതിവികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ് എം.എൽ.എയുമായ ബസനഗൗഡ ദൊഡ്ഡാലിന്റെയും ഓഫിസുകളിലും റെയ്ഡ് നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്.
ഗോത്ര സമുദായങ്ങൾക്കുള്ള ഫണ്ട് കൈമാറ്റത്തിനും വിവിധ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി കർണാടക സർക്കാറിന് കീഴിൽ രൂപവത്കരിച്ചതാണ് മഹർഷി വാല്മീകി എസ്.ടി ഡെവലപ്മെന്റ് കോർപറേഷൻ. ഇവരുടെ 94 കോടി രൂപ വിവിധ സ്വകാര്യ ബാങ്കുകളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.