മസ്കത്ത്: മസ്കത്തിലെ വാദി കബീർ വെടിവെപ്പില്‍ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ മസ്കത്ത് എംബസി അധികൃതര്‍ സന്ദര്‍ശിച്ചു. ഇവരുടെ കുടുംബവുമായി സംസാരിച്ച അംബാസഡര്‍ അമിത് നാരങ് പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. പരിക്കേറ്റവർ ഏത് സംസ്ഥാനങ്ങളിൽപ്പെട്ടവരാണെന്ന വിവരം അറിവായിട്ടില്ല. മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ ഒമാനിലുള്ള കുടുംബത്തെയും അംബാസഡര്‍ സന്ദര്‍ശിച്ചു. മകന് തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണ നൽകുമെന്ന് അറിയിച്ചു.
പ്രതിസന്ധി വളരെ വിദഗ്ധമായി കൈകാര്യം ചെയ്യുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവന് സംരക്ഷിക്കുന്നതിനും ഒമാനി സുരക്ഷാ ഏജന്‍സികള്‍ സ്വീകരിച്ച സത്വര നടപടിയെ അംബാസഡർ അഭിനന്ദിച്ചു. സംഭവത്തില്മരണപ്പെപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയാണെന്നും പരുക്കേറ്റ എല്ലാവര്ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയന്നുംഎംബസി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ അരങ്ങേറിയ വെടിവെപ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേരാണ് മരിച്ചത്. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ നാലുപേർ പാകിസ്താനികളാണ്. തിങ്കാളാഴ്ച രാത്രി പത്തുമണിയോയാണ് ദാരുണമായ സംഭവങ്ങൾ തുടക്കം. മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. സംഭവ സമയത്ത് നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു.