മസ്കത്ത്: തിങ്കളാഴ്ച രാത്രി മുതൽ തലസ്ഥാന നഗരിക്കടുത്ത് വാദി കബീറിൽ നടന്ന വെടിപ്പും അനുബന്ധ സംഭവങ്ങളും പ്രവാസികളിൽ ആശങ്ക പരത്തി. പ്രവാസി മലയാളികൾ അടക്കമുള്ളവർ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. മസ്ജിദിന് സമീപം താമസിക്കുന്ന മലയാളികൾ അടക്കമുള്ളവർ രാത്രി വെടിയൊച്ച കേട്ടതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയിലായിരുന്നു. മുഹറം ആഘോഷത്തിന്റെ ഭാഗമാണിതെന്നാണ് ആദ്യം പലരും കരുതിയത്. പിന്നീട് സുരക്ഷാ അധികൃതർ പറന്നെത്തുന്നത് കണ്ടതോടെയാണ് പലർക്കും സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവം ആയതിനാൽ പലർക്കും വെടിവെപ്പാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
പുലർച്ചെ വെടിവെപ്പിന്റെ ശബ്ദം വീണ്ടും ഉയർന്നതോടെയാണ് പലർക്കും വിഷയത്തിന്റെ ഗൗരവം മനസിലായത്. റോയൽ ഒമാൻ പൊലീസ് ചൊവ്വാഴ്ച പുലർച്ചയോടെ വെടിവെപ്പ് സംബന്ധമായ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടതോടെയാണ് വിഷയത്തിന്റെ രൂക്ഷത ഉൾക്കൊണ്ടത്. ഇതോടെ കേരളത്തിൽനിന്നുള്ള മാധ്യമങ്ങളും റിപ്പോർട്ടുകൾ പുറത്തുവിടാൻ തുടങ്ങിയിരുന്നു. വാർത്തകൾ പരന്നതോടെ നാട്ടിൽനിന്ന് നിരവധി ഫോൺ കോളുകളും അന്വേഷണങ്ങളും വരാൻ തുടങ്ങി. തികച്ചും ആശങ്ക നിറഞ്ഞതായിരുന്നു അതെന്ന് സമീപ വാസികൾ പറയുന്നു.
സംഭവം ആരംഭിച്ചത് മുതൽ വൻ പൊലീസ് സംഘം പ്രശ്ന മേഖലയിലെത്തിയതായും പ്രദേശം വലയം ചെയ്തതായും വാദീ കബീറിലെ താമസക്കാർ പറയുന്നു. ശക്തമായ നിയന്ത്രണങ്ങളാണ് അധികൃതർ നടത്തിയത്. പുറത്തുനിന്നുള്ള ആരെയും സംഭവ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. പ്രശ്നങ്ങൾ കാരണം ഈ മേഖലയിൽ താമസിക്കുന്ന നിരവധി പേർ ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല. അധികൃതരുടെ സമയോചിതമായ ഇടപെടലും ജീവൻ മറന്നുള്ള സേവനവുമാണ് കുടുതൽ ദുരന്തങ്ങൾ ഒഴിവാക്കിയതെന്ന് പ്രവാസികൾ വിശ്വസിക്കുന്നു. തികച്ചു ശാന്തമായ രാജ്യമാണ് ഒമാൻ.
പല രാജ്യങ്ങളിലും സംഘർഷങ്ങളും അനിഷ്ട സംഭവങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും ഒമാനിൽ ഇത്തരം സംഭവങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പഴയ കാല പ്രവാസികൾ പറയുന്നു. അതിനാൽ വിശ്രമ കാലം ചെലവഴിക്കാനും മറ്റും പലരും ഒമാനാണ് തെരഞ്ഞെടുക്കുന്നതെന്നും അവർ പറയുന്നു. അതിനാൽ വെടിവെപ്പ് സംഭവം വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് പലരും പറയുന്നത്. റോയൽ ഒമാൻ പൊലീസിന്റെ കൃത്യവും പക്വവുമായ ഇടപെടൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കിയതായും അവർ പറയുന്നു. ജീവൻ ബലി കൊടുത്തും റോമൽ ഒമാൻ പൊലീസ് നടത്തിയ നീക്കങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നാണ് ഇവർ പറയുന്നു.
ഒമാന് ഐക്യദാർഢ്യവുമായി പാകിസ്താൻ
മസ്കത്ത്: വാദി കബീർ വെടിവെപ്പ് സംഭവത്തിൽ ഒമാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അന്വേഷണത്തിൽ പൂർണ സഹായം നൽകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വെടിവെപ്പിൽ നാല് പാകിസ്താൻ സ്വദേശികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും ആശുപത്രികൾ നേരിട്ട് സന്ദർശിക്കാനും മസ്കത്തിലെ പാകിസ്താൻ എംബസിയോട് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.