കൊച്ചി: വാഗമണ്ണിലെ വിവാദമായ 55 ഏക്കർ പട്ടയത്തിന്റെ പേരിൽ നടന്നത് ഭൂമി കൈമാറ്റമെന്ന് ഇടുക്കി ജില്ല കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്. വാഗമൺ റാന്നിമുടിയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ എറണാകുളം സ്വദേശി സർക്കാർ ഭൂമി കൈയേറിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇതേ ഭൂമി 1979ൽ ബന്ധുക്കളായ 14 പേരുടെ പേരിൽ ഒരാൾ മാത്രം അപേക്ഷ നൽകി വ്യാജമായി സ്വന്തമാക്കിയതാണെന്ന് കണ്ടെത്തിയത്.
കലക്ടർ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് അൻസാർ എന്നയാളുടെ പേരിൽ പവർ ഓഫ് അറ്റോണി നൽകിയിരിക്കുന്ന ഭൂമിയാണ് രണ്ടാം പട്ടയത്തിലൂടെ എറണാകുളം സ്വദേശിയുടെ കൈവശമെത്തിയതെന്ന് കണ്ടെത്തിയത്. 1989ൽ തയാറാക്കിയതെന്ന് കരുതുന്ന പവർ ഓഫ് അറ്റോണി അൻസാറിന്റെ കൈവശമുണ്ടെങ്കിലും ഇടുക്കിയിൽ താമസക്കാരല്ലാത്ത ഇയാളുടെ ബന്ധുക്കളായ മറ്റ് 13 പേർ ഇത് നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് നൽകിയതായി കാണുന്നില്ല. 1979ൽ നൽകിയെന്ന് പറയുന്ന പട്ടയവുമായി ബന്ധപ്പെട്ട രേഖകൾ റവന്യൂ ഓഫിസിൽ ലഭ്യവുമല്ല. ഈ ഭൂമി തുണ്ടുകളാക്കി അൻസാർ വിൽപന നടത്തുകയായിരുന്നു. ഷെർളി, എലിസബത്ത് എന്നിവരുടെയും ബന്ധുക്കളുടെയും പേരിലേക്കാണ് ഇത് മാറ്റിയത്. പവർ ഓഫ് അറ്റോണി നൽകിയെന്ന് പറയുന്ന 1989ലാണ് ഈ കൈമാറ്റം നടന്നത്. ഭൂമിയുടെ പേരുമാറ്റൽ നടന്നിരിക്കുന്നതും ഈ വർഷമാണ്. ഷെർളിയുമായി വിവാഹബന്ധം വേർപെടുത്തിയതോടെയാണ് ഇതേ ഭൂമി പുതിയ പട്ടയം കരസ്ഥമാക്കി എറണാകുളം സ്വദേശി സ്വന്തമാക്കിയതെന്നാണ് കണ്ടെത്തൽ. തന്റെ ഭൂമിയിൽ മുൻ ഭർത്താവ് നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് ഷെർളി ഹൈകോടതിയിൽ നൽകിയ ഹരജിയാണ് വലിയ കണ്ടെത്തലുകൾക്ക് കാരണമായത്.