വയനാട്: ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. വയനാട് ജില്ലയിൽ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റെഡ് അലേര്‍ട്ടുള്ള വയനാട് ജില്ലയില്‍ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്. തീവ്രമഴയാണ് ഇവിടെ പ്രവചിക്കുന്നത്. മറ്റു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്