റിയാദ്: ലോകത്താദ്യമായി സംഘടിപ്പിക്കുന്ന സയാമീസ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകാൻ സൗദി അറേബ്യ ഒരുങ്ങുന്നു. കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) സംഘടിപ്പിക്കുന്ന സമ്മേളനം നവംബർ 24, 25 തീയതികളിൽ റിയാദിൽ നടക്കും. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും. സൗദി അറേബ്യ സയാമീസ് വേർപ്പെടുത്തൽ പ്രോഗ്രാം ആരംഭിച്ചതിന്റെ 30ാം വാർഷികത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കുന്നത്.
സൗദിയുടെ മുൻകൈയാൽ ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ അന്തർദേശീയ സയാമീസ് ദിനാചരണത്തിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സയാമീസ് വേർപെടുത്തൽ മേഖലയിൽ പ്രാവീണ്യം നേടിയ ആളുകളുടെയും മന്ത്രിമാരുടെയും നേതാക്കളുടെയും അന്തർദേശീയ വൈദഗ്ധ്യമുള്ളവരുടെയും പങ്കാളിത്തത്തോടെ നടക്കുന്ന സമ്മേളനം സവിശേഷവും ലോകത്ത് ആദ്യമായി നടക്കുന്നതുമായിരിക്കും. സയാമീസ് വേർപെടുത്തൽ മേഖലയിൽ സൗദിയുടെ മികച്ച അനുഭവങ്ങളും ആ രംഗത്ത് ഇതുവരെ നടത്തിയ ശ്രമങ്ങളും തുറന്നുകാട്ടുന്ന അവസരം കൂടിയായിരിക്കുമിത്. സമ്മേളനത്തിനുള്ള ഒരുക്കം കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിൽ ആരംഭിച്ചു.
മന്ത്രിതല സെഷനുകൾ, പ്രത്യേക ശാസ്ത്രീയ സെഷനുകൾ, മാനുഷിക സെഷനുകൾ, സൈഡ് ഇവന്റുകൾ, ശിൽപശാലകൾ, ലോകത്തിലെ പ്രത്യേക പരിഗണനയുള്ള കുട്ടികളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, ഇത്തരം കുട്ടികളുടെ മാനുഷിക വശങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ സമ്മേളനത്തിലുണ്ടാകും. ഏറ്റവും ദുർബലരായ വിഭാഗങ്ങളായ കുട്ടികളെ പരിപാലിക്കുന്നതിനുള്ള സൗദിയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള കുട്ടികളുമായി ബന്ധപ്പെട്ട യു.എൻ, അന്താരാഷ്ട്ര സംഘടനകളുമായും നിരവധി കരാറുകളിൽ ഒപ്പുവെക്കും.
ലോകത്ത് ഇരട്ടകളെ വേർപെടുത്തുന്നതിൽ സൗദിയുടെ അനുഭവം അവലോകനം ചെയ്യും. മെഡിക്കൽ, ജീവകാരുണ്യ ലൈബ്രറികളെ സമ്പുഷ്ടമാക്കുന്നതിനുള്ള ശിപാർശകൾ സമ്മേളനം പുറപ്പെടുവിക്കും. ഇത് സ്പെഷലിസ്റ്റുകൾക്കും സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നവർക്കും ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും താൽപര്യമുള്ളവർക്കും ഈ ലൈബ്രറി റഫറൻസായി മാറും.
1990ലാണ് സൗദി അറേബ്യ സയാമീസ് വേർപെടുത്തൽ പ്രോഗ്രാം ആരംഭിച്ചത്. പിന്നിട്ട 34 വർഷത്തിനിടയിൽ 61 വിജയകരമായ വേർപെടുത്തൽ ശസ്ത്രക്രിയകൾ നടത്തുകയും 26 രാജ്യങ്ങളിൽ നിന്നുള്ള 139 സയാമീസ് കേസുകൾ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.