ദോഹ: ഖത്തറിലെ ഫോട്ടോഗ്രഫർമാർക്കൊരു സന്തോഷവാർത്ത. ഖത്തർ നാഷനൽ ലൈബ്രറിയുടെ മനോഹരമായ വാസ്തുവിദ്യ രൂപകൽപന ആധാരമാക്കി ലൈബ്രറി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി മത്സരം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
ലൈബ്രറിയുടെ എൻജിനീയറിങ്ങിന്റെയും രൂപകൽപനയുടെയും സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. മത്സരം ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കും. ലൈബ്രറിയുടെ അകവും പുറവും ചിത്രമെടുക്കുന്നതിന് ഉപയോഗപ്പെടുത്താം.ഖത്തർ ഐ.ഡി കൈവശമുള്ള, 18 വയസ്സ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
ഓരോ മത്സരാർഥിയും പരമാവധി നാല് ചിത്രങ്ങൾ വരെ മത്സരത്തിനായി സമർപ്പിക്കണം. ചിത്രങ്ങളെല്ലാം ലൈബ്രറിയുടെ വാസ്തുവിദ്യയുമായി ബന്ധപ്പെട്ടതായിരിക്കണം.
ഒറിജിനൽ ചിത്രവും അതോടൊപ്പം മത്സരാർഥി തന്നെ എടുത്തതുമായിരിക്കണം. നിർമിതബുദ്ധിയുടെ സഹായത്തോടെ ചിത്രീകരിച്ചവ ഒരിക്കലും സ്വീകരിക്കുകയില്ലെന്നും ക്യു.എൻ.എൽ വ്യക്തമാക്കി.
കൂടുതൽ മെച്ചപ്പെടുത്താനും മനോഹരമാക്കാനും സാധിക്കുന്ന രീതിയിൽ ഉയർന്ന നിലവാരമുള്ളതും ഉയർന്ന റെസല്യൂഷനിലുള്ളതുമായിരിക്കണം സമർപ്പിക്കുന്ന ചിത്രങ്ങൾ. ഫോണിലൂടെയോ പ്രഫഷനൽ കാമറകൾ ഉപയോഗിച്ചോ ചിത്രങ്ങൾ പകർത്താം.
പകർത്തുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പുതിയ പോസ്റ്റായി ആഗസ്റ്റ് ഒന്ന് മുതൽ 15 വരെയുള്ള കാലയളവിനുള്ളിൽ പ്രസിദ്ധപ്പെടുത്തിയിരിക്കണമെന്നും മത്സരത്തിന്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
എൻട്രികൾ എല്ലാവർക്കും കാണുന്നതിന് പ്രൊഫൈലുകൾ പബ്ലിക് മോഡിലേക്ക് മാറ്റണമെന്നും എൻട്രി സ്വീകരിക്കപ്പെടുന്നതിന് QNLThroughMyLens എന്ന ഹാഷ് ടാഗിലായിരിക്കണം പ്രസിദ്ധീകരിപ്പെടേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.
കാഴ്ചപ്പാട്, സർഗാത്മകത, ഫോക്കസ്, ലൈറ്റിങ്, എക്സ്പോഷർ എന്നിവയിൽ ചിത്രങ്ങളുടെ ഗുണനിലവാരം അടിസ്ഥാനമാക്കിയായിരിക്കും വിധിനിർണയം. ലോക ഫോട്ടോഗ്രഫി ദിനമായ ആഗസ്റ്റ് 18ന് വിജയിയെ പ്രഖ്യാപിക്കും. വിജയിക്ക് ഐഫോൺ 14 പ്രോ സമ്മാനമായി ലഭിക്കും.
സമ്മാനാർഹമായ ചിത്രങ്ങൾ ക്യു.എൻ.എൽ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കും.മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സമർപ്പിച്ച ചിത്രങ്ങൾ പ്രമോഷനൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള അവകാശം ക്യു.എൻ.എല്ലിന് നൽകുമെന്ന് മത്സരാർഥികൾ അംഗീകരിക്കുന്നതായും അതോടൊപ്പം ഫോട്ടോഗ്രാഫർക്ക് മുഴുവൻ ക്രെഡിറ്റും നൽകുമെന്നും ക്യു.എൻ.എൽ വെബ്സൈറ്റിൽ അറിയിച്ചു.