ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തെലങ്കാന പൊലീസാണ് തിങ്കളാഴ്ച അമൻ പ്രീത് സിങ്ങിനെയും കൂടെ ഉണ്ടായിരുന്ന ഒൻപതു പേരെയും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്ൻ കണ്ടെത്തി.
പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രാഥമിക വൈദ്യ പരിശോധനയിൽ അമൻപ്രീതും സുഹൃത്തുക്കളും ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
നൈജീരിയയിൽ നിന്ന് കൊക്കെയ്ൻ എത്തിച്ച് നഗരത്തിലെ ഉപഭോക്താക്കൾക്ക് വിതരണം നടത്തുകയായിരുന്നു പിടിയിലായ സംഘമെന്ന് ഷംഷാബാദ് ഡിസിപി ശ്രീനിവാസ് അറിയിച്ചു. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.