ഭോപാൽ: റീൽ ചിത്രീകരിക്കുന്നതിനിടെ പതിനൊന്നുകാരൻ അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് മുറുകി മരിച്ചു. പ്രാങ്ക് റീൽ ചീത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരൺ ആണ് മരണപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കരണും സുഹൃത്തുക്കളും മരത്തിന് ചുറ്റും നിന്ന് കളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് പ്രാങ്ക് റീലെടുക്കാൻ കുട്ടികൾ തീരുമാനിക്കുന്നത്. കുട്ടി കഴുത്തിൽ കയർ കെട്ടുകയും മറ്റ് കുട്ടികൾ വീഡിയോ ചിത്രീകരിക്കുകയുമാണ്. കഴുത്തിൽ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം. കുട്ടി നിശ്ചലനായതോടെ സുഹൃത്തുക്കൾ കുടുംബത്തെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെടുകയുമായിരുന്നു.