മസ്കത്ത്: റിയാലിന്റെ വിനിമയ നിരക്ക് ഉയർന്ന് വീണ്ടും ഒരു റിയാലിന് 217 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ മാസം 20നാണ് സമാനമായ നിരക്കുണ്ടായത്. നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപഭോക്താക്കൾ വലിയ സംഖ്യയാണ് അയച്ചത്. ഇതോടെ തിങ്കളാഴ്ച പതിവിലും വൈകിയാണ് വിനിമയ സ്ഥാപനങ്ങൾ അടച്ചത്. ഉയർന്ന നിരക്കിനായി കാത്തിരുന്ന പലരും വിനിമയ നിരക്ക് ഉയർന്നതോടെ നാട്ടിലേക്ക് പണം അയക്കാൻ തുടങ്ങിയതാണ് തിരക്ക് അനുഭവപ്പെടാൻ കാരണം. നിരക്ക് ഉയരുന്നത് ചെറിയ തുകകൾ നാട്ടിൽ അയക്കുന്നവരെ കാര്യമായി ബാധിക്കില്ലെങ്കിലും വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചമുണ്ടാവും. ഇന്ത്യൻ രൂപ ശക്തി കുറഞ്ഞതാണ് വിനിമയ നിരക്ക് ഉയരാൻ കാരണം. ഒരു ഡോളറിന് 83.59 എന്നതായിരുന്നു തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ വില.
കഴിഞ്ഞ 20 നാണ് ഇന്ത്യൻ രൂപക്ക് സമാനമായ മൂല്യം ഉണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച 83.53 രൂപയായിരുന്ന ഒരു ഡോളറിന്റെ വില. കഴിഞ്ഞ കൂറെ ദിവസമായി രൂപയുടെ മൂല്യം സമാന നിരക്കിലായിരുന്നു. ഇതിനാൽ കഴിഞ്ഞ ദിവസങ്ങളായി റിയാലിന്റെ വിനിമയ നിരക്കും 216.50 നും 216.80 നും ഇടയിലായിരുന്നു.
ഡോളർ ശക്തമായതാണ് രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണം. അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റതു മൂലം അമേരിക്കയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യമാണ് ഡോളർ ശക്തിപ്പെടാൻ കാരണം. പ്രത്യേക അവസ്ഥ നിലനിൽക്കുന്നതിനാൽ നിക്ഷേപകർ കൂടുതൽ ഡോളറുകൾ വാങ്ങുകയായിരുന്നു. പ്രത്യേക സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ ഒഴിവാക്കി നിക്ഷേപം ഡോളറിലേക്ക് മാറ്റുകയായിരുന്നു. ചൈനീസ് കറൻസിയായ യുവാൻ ശക്തി കുറഞ്ഞതും ഡോളറിന് അനുകൂല ഘടകമാണ്.