കൊച്ചി: അമൃത കോളജ് ഓഫ് നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയെ റാഗിങ്ങിന് വിധേയമാക്കിയെന്ന പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികളെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വർഷ നഴ്സിങ് വിദ്യാർഥികളായ ഏറ്റുമാനൂർ സ്വദേശി ഗോവിന്ദ് നായർ (21), ആലപ്പുഴ മാവേലിക്കര സ്വദേശി സുജിത് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. കോളജ് അധികൃതർക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു. ചെന്നിത്തല സ്വദേശിയാണ് റാംഗിങ്ങിനിരയായ വിദ്യാർഥി.
12ന് വൈകീട്ടായിരുന്നു സംഭവം. മർദനത്തിനിരയായ വിദ്യാർഥി നേരത്തേ നൽകിയ പരാതിയിൽ, അറസ്റ്റിലായ വിദ്യാർഥികളുടെ സുഹൃത്തുക്കളെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ പ്രതികളുടെ പോണേക്കരയിലെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് കേസ്.
എന്നാൽ വിദ്യാർഥിയുടെ പരാതി ലഭിച്ചയുടൻ കോളജിന്റെ ഭാഗത്തുനിന്ന് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചക്കാണ് പരാതി ലഭിച്ചത്. ഉടൻ ആന്റി റാഗിങ് കമ്മിറ്റി യോഗം ചേർന്ന് റിപ്പോർട്ട് തയാറാക്കി പരാതി പൊലീസിന് കൈമാറി. പ്രതിചേർക്കപ്പെട്ട രണ്ട് വിദ്യാർഥികളെയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.