മസ്കത്ത്: റഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിൽ ഒമാനികൾക്ക് മാത്രമായി നേരത്തേ പ്രഖ്യാപിച്ചത് സെപ്റ്റംബർ മുതൽ നടപ്പിലാക്കും. ഇതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.
എല്ലാ വലുപ്പത്തിലുമുള്ള ശീതീകരിച്ച ട്രക്കുകൾ ഓടിക്കാൻ ഒമാനി പൗരന്മാർക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇത് വ്യവസായത്തെ ഗണ്യമായി പുനർനിർമലിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, മന്ത്രാലയത്തിൽനിന്നുള്ള ലാൻഡ് ട്രാൻസ്പോർട്ട് ഇൻസ്പെക്ടർമാർ പരിശോധനകൾ നടത്തും. പുതിയ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഈ തീരുമാനം രാജകീയ ഉത്തരവ് (10/2016), അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം (നമ്പർ 2022/235) എന്നിവ പ്രകാരം പുറപ്പെടുവിച്ച ഗതാഗത നിയമത്തിൽ വിവരിച്ചിരിക്കുന്ന മന്ത്രാലയത്തിന്റെ അധികാരവുമായി വരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കൊനൊരുങ്ങുകയാണ് ഒമാൻ. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനിവത്കരണം അടുത്ത വർഷം ജനുവരിയോടെ നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും.
ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കുമെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു.
തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനവരെ തുടരും. ഇതിനായി ഓരോ വർഷത്തേക്കുമുള്ള ലക്ഷ്യങ്ങളും
നിശ്ചയിച്ചിട്ടുണ്ട്. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31ശതമാനവമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20 ശതമാനം മുതൽ 50 ശതമാനം ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ ഒമാനൈസേഷൻ നിരക്ക് 2026ഓടെ 50 മുതൽ നൂറ് ശതമാനംവരെ ആയിരിക്കുമെന്നും മവാലി പറഞ്ഞു.