തിരുവനന്തപുരം: ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ രോഗി തകരാറിലായ ലിഫ്റ്റിനുള്ളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. 15 ദിവസത്തിനകം മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
എം.എൽ.എ ഹോസ്റ്റൽ ജീവനക്കാരൻ രവീന്ദ്രൻ നായരാണ് രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റിൽ കുടുങ്ങിയത്. ആരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് സൂപ്രണ്ട് വിശദീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. 2021 ജൂണിൽ അമ്മയെ പരിചരിക്കാൻ ആർ.സി.സി യിലെത്തിയ പത്തനാപുരം സ്വദേശിനി നാജിറ അറ്റകുറ്റപണികൾക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ കമീഷൻ ഇടപെട്ടിരുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.