ദുബൈ: യു.എ.ഇ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തുന്ന പൊലീസ് സേനയുടെ അഭ്യാസ പ്രകടനം ഈ മാസം 28ന് ആരംഭിക്കും. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ എടുക്കുകയോ ഫോട്ടോ പകർത്തുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശമുണ്ട്.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. രാജ്യത്തുടനീളമുള്ള പൊലീസ് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ‘റെസിലിയൻസ് 1’ എന്ന പേരിൽ പരിശീലന പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി മറ്റ് പങ്കാളികളുമായി സഹകരിച്ച് തയാറെടുപ്പുകൾ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.