ന്യൂഡൽഹി: സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന ഒരു നിർദേശവും കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ അവരിപ്പിച്ച ബജറ്റിൽ ഇല്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് വേണ്ടുവോളം കിട്ടി. എന്നാൽ മറ്റ് സംസ്ഥാനങ്ങൾ അവഗണിക്കപ്പെട്ടൂവെന്നും തരൂർ കൂട്ടിച്ചേർത്തു. ഇതൊരിക്കലും മികച്ച ബജറ്റല്ല. ആവറേജിൽ താഴെ മാത്രം നിലവാരമുള്ള ഒന്നാണ് എന്നാണ് അഭിപ്രായം. ബജറ്റിനെ കുറിച്ച് ആഹ്ലാദിക്കാൻ വകനൽകുന്ന വളരെ കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും തരൂർ അഭിപ്രായപ്പെട്ടു. പല പ്രധാനപ്രശ്നങ്ങളും സർക്കാർ പരിഗണിച്ചില്ല. എം.ജി.എൻ.ആർ.ജി.എയെ കുറിച്ച് പരാമർശിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകൾക്കായി നീക്കിവെച്ചിരിക്കുന്ന ജി.ഡി.പിയുടെ വിഹിതത്തിലും വർധനവില്ല. രാജ്യത്തെ വരുമാന അസമത്വം എങ്ങനെ പരിഹരിക്കും എന്നതിനെ കുറിച്ചും പ്രഖ്യാപനത്തിൽ ഒന്നുമില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
”നമ്മുടെ 60 ശതമാനത്തിലധികം ആളുകളും കഴിഞ്ഞ 10 വർഷത്തിനിടെ അവരുടെ വരുമാനം കുറയുന്നത് കണ്ടു. അതിന് സർക്കാർ എന്ത് ചെയ്തു? ഓഹരിവിപണികളും സാധാരണക്കാരും പോലും ബജറ്റിനോട് പ്രതികൂലമായാണ് പ്രതികരിച്ച് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താൻ രാഷ്ട്രീയ കാരണങ്ങളുണ്ട്. എന്നാൽ രാജ്യത്ത് 26 സംസ്ഥാനങ്ങൾ കൂടിയുണ്ടെന്ന കാര്യം സർക്കാർ മറന്നു.”-ശശി തരൂർ കൂട്ടിച്ചേർത്തു.