കാർഗിലിൽ കൈവരിച്ച വിജയത്തിന് കാൽനൂറ്റാണ്ട് പൂർത്തിയാകവേ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകം വെളിപ്പെടുത്താനിരിക്കുന്നത് രഹസ്യാന്വേഷണ വീഴ്ചയുടെ അമ്പരപ്പിക്കുന്ന കഥകൾ. അന്ന് പാകിസ്താൻ നടത്തിയ മുന്നൊരുക്കങ്ങൾ മനസ്സിലാക്കുന്നതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഗുരുതര പരാജയം സംഭവിച്ചുവെന്ന്, 2002- 2005ൽ ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന ജനറൽ എൻ.സി. വിജ് രചിച്ച ‘എലോൺ ഇൻ ദ റിങ്’ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനുമായി യുദ്ധമുണ്ടാവുന്ന സാധ്യതയെക്കുറിച്ച് ഇന്ത്യൻ രഹസ്യാനേഷണ ഏജൻസി കൃത്യതയില്ലാത്ത വിലയിരുത്തലുകളാണ് നടത്തിയതെന്ന് കാർഗിൽ യുദ്ധകാലത്ത് ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപറേഷൻസ് പദവി വഹിച്ചിരുന്ന ഗ്രന്ഥകാരൻ പറയുന്നു.
കുറഞ്ഞ നേട്ടത്തിനായി അതിതീവ്ര കാലാവസ്ഥയിൽ ഏറെ ദുർഘടം പിടിച്ച മേഖലയിൽ പാകിസ്താൻ പടക്കൊരുങ്ങുമെന്ന് അനുമാനിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, ആയുധ കമ്പോളത്തിൽനിന്ന് യുദ്ധ ഉപകരണങ്ങളും വസ്ത്രങ്ങളും പാകിസ്താൻ വൻതോതിൽ ശേഖരിക്കുമ്പോഴും യുദ്ധസാധ്യത കണ്ടെത്താൻ സാധിച്ചില്ല. ഈ വർഷം യുദ്ധത്തിന് സാധ്യതയില്ലെന്ന വിലയിരുത്തൽ തന്ത്രപരമായ പരാജയമായിരുന്നു -ജനറൽ വിജ് പറയുന്നു. ആഗസ്റ്റ് രണ്ടിന് പുസ്തകം പ്രകാശനം ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിരോധ മന്ത്രാലയത്തിൽനിന്ന് പച്ചക്കൊടി ലഭിക്കാത്തതിനാൽ നീണ്ടേക്കുമെന്ന് പ്രസാധകരായ ബ്ലൂംസ് ബെറി പറയുന്നു.