അലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപ്പുള്ളി സ്വദേശി കോട്ടോപ്പാടൻ അബ്ദുൽ മജീദ് വെള്ളിയാർ പുഴയിൽ താഴ്ഭാഗത്തേക്ക് നീന്തിപ്പോകുന്ന യൂസുഫിനെ കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ആരും വെള്ളിയാർ പുഴയിൽ തിരയുമായിരുന്നില്ല.
ശനിയാഴ്ച രാത്രി ഏഴരക്ക് വെള്ളിയാർ പുഴയിൽ ചൂണ്ടയിടുന്നതിനിടെ എതിർഭാഗത്തൂടെ ഒരാൾ താഴ്ഭാഗത്തേക്ക് നീന്തി പോകുന്നതായി കണ്ടു. മീൻപിടുത്തകാരിൽ ആരോ മറുഭാഗത്തേക്ക് പോകുകയായിരുന്നു എന്ന് കരുതി. ആളെ മനസ്സിലാകുന്നതിന് വേണ്ടി ടോർച്ച് അടിച്ചുനോക്കി. മുഖം മറുവശത്തേക്ക് പിടിച്ചതിനാൽ മനസ്സിലായില്ല. നീന്തുന്ന ആളെ കണ്ട് പന്തി തോന്നിയപ്പോൾ കരക്കു പിടിച്ച് കേറ്റിക്കോട്ടെ എന്ന് വിളിച്ചപ്പോൾ മറുപടി ഒന്നും കിട്ടിയില്ല. സാധാരണ വെള്ളിയാർ പുഴയിൽ നീന്തികളിച്ച് കുളിക്കുന്നവരാണന്ന് കരുതി ശ്രദ്ധ വീണ്ടും മീൻപിടിത്തത്തിലായി. പിന്നീട് കുറച്ച് കഴിഞ്ഞപ്പോഴാണ് പടുവിൽ കുന്നിൽനിന്ന് ഒരാൾ കുളിക്കാൻ പോയി കാണാതായിട്ടുണ്ടന്ന വിവരം ലഭിച്ചത്.
അബ്ദുൽ മജീദ് മുസ്ലിയാരുടെ വാക്കുകേട്ട് പെരിന്തൽമണ്ണ, മലപ്പുറം, മണ്ണാർക്കാട് എന്നിവിടങ്ങളിലുള്ള ഫയർ ഫോഴ്സ്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലുള്ള ട്രോമ കെയർ പ്രവർത്തകർ, കോഴിക്കോട്ട് നിന്നുള്ള ‘എന്റെ മുക്കം’ എന്ന പേരിലുള്ള മത്സ്യ തൊഴിലാളികൾ, ആപ്ത മിത്രാ പ്രവർത്തകർ, സ്കൂബ ടീം നാട്ടുകാർ തുടങ്ങി നിരവധിപേർ ചാവാലി തോട്ടിലും വെള്ളിയാർ പുഴയിലും തിരഞ്ഞു. മൂന്നാംദിവസവും നാലാംദിവസവും തിരയുമ്പോൾ കാണാത്തതിനെ തുടർന്ന് അബ്ദുൽ മജീദ് പറഞ്ഞത് കളവാണന്ന സംസാരം വരെ ഉണ്ടായി.
രണ്ടാംദിവസം ആളെ കണ്ടത്തി എന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം തിരച്ചിലിനെ ഏറെ ബാധിച്ചു. ചൊവ്വാഴ്ച രാവിലെ മജീദ് കണ്ട സ്ഥലത്തുനിന്ന് തിരച്ചിൽ തുടങ്ങി. മേലാറ്റൂർ റെയിൽവേ പാലത്തിന് സമീപം വെള്ളിയാർ പുഴയിൽ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടത്തിയതോടെ മജീദ് മുസ്ലിയാരുടെ വാക്കിനോട് മുഖം തിരിച്ചവർ വില കൽപ്പിക്കേണ്ടി വന്നു.