ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിൽ മുഹർറം ഘോഷയാത്രക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേരുടെ വീടുകൾ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ജൂലൈ 19ന് നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് നടപടി. ഘോഷയാത്രക്കിടെ ഒരു സമുദായത്തിലെ അംഗങ്ങൾ മറ്റൊരു സമുദായത്തിലെ ആളുകൾക്ക് നേരെ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇതിൽ പരിക്കേറ്റ യുവാവ് മരിക്കുകയും ചെയ്തിരുന്നു.
സംഘർഷത്തിന് പിന്നാലെ, പ്രദേശത്തെ ഒരു ആരാധനാലയം ഉൾപ്പെടെ 16 കെട്ടിടങ്ങൾ അനധികൃത നിർമാണമാണെന്ന് കണ്ടെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തുടർന്നാണ് സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനപ്രതിയുടെയും മറ്റു എട്ട് പേരുടെയും വീടുകൾ തകർത്തത്. പ്രധാന പ്രതിയെന്ന് പറയുന്ന ബക്തവാറിന്റെ വീട് പൂർണമായി തകർത്തിട്ടുണ്ട്. ബാബു, ഹസൻ അലി, കാദർ അലി, ഹനീഫ്, ഹസീൻ, റിയാസത്ത് എന്നിവരുൾപ്പെടെയുള്ളവരുടെ വീടുകളാണ് ഇടിച്ചുനിരത്തിയത്.
ജൂലൈ 19ന് രാത്രി ഗൗസ്ഗഞ്ച് പ്രദേശത്ത് നൂറോളം പേരെത്തി കല്ലേറ് നടത്തുകയും വീടുകൾ ആക്രമിക്കുകയും ആളുകളെ മർദിക്കുകയും ചെയ്തെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനിടെയാണ് 26കാരനായ തേജ്പാൽ മർദനമേറ്റ് മരിച്ചതെന്നും ഇവർ പറയുന്നു. കേസിൽ 35 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.