ലഖ്നോ: ഇസ്ലാം സ്വീകരിച്ച ഇതര മതസ്ഥരായ സ്ത്രീകളുടെയും പുരുഷൻമാരുടെയും സമൂഹ വിവാഹം നടത്താൻ അധികൃതർ അനുമതി നിഷേധിച്ചു. പ്രാദേശിക രാഷ്ട്രീയ സംഘടനയായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് വിവാഹം മാറ്റിവെക്കുകയും ചെയ്തു. നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും അനുമതി ലഭിച്ചാൽ മാത്രമേ ഇത്തരം പരിപാടികൾ നടത്തുകയുള്ളൂവെന്നും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ മേധാവി മൗലാന തൗക്കീർ റാസാ ഖാൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ അഞ്ച് ദമ്പതികളുടെ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. വിവാഹം നടത്താൻ ജില്ലാ ഭരണകൂടത്തോട് ഐ.എം.സി അനുമതി തേടിയിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം അപേക്ഷ തള്ളുകയായിരുന്നു. ജൂലൈ 21ന് രാവിലെ 11 മണിക്ക് ഖലീൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് സമൂഹ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹത്തിനെതിരെ ഹിന്ദുസംഘടനകൾ രംഗത്തുവന്നിരുന്നു. വിവാഹം നടത്താൻ അനുവദിക്കരുതെന്ന് കാണിച്ച് ഹിന്ദുസംഘടനകൾ ജില്ലാ മജിസ്ട്രേറ്റിന് നിവേദനം നൽകുകയും ചെയ്തു.