ദുബൈ: എമിറേറ്റിലെ താമസകേന്ദ്രങ്ങളിൽ ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ‘നിശ്ശബ്ദ റഡാറു’കൾ വരുന്നു. ദുബൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പരമ്പരാഗത റഡാറുകൾ പോലെ നിയലംഘനങ്ങൾ കണ്ടെത്തുമ്പോൾ ഫ്ലാഷ് ലൈറ്റ് തെളിയാത്തതിനാലാണ് നിശ്ശബ്ദ റഡാർ എന്ന് സംവിധാനത്തെ വിളിക്കുന്നത്. അമിത വേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ റഡാറിൽ കണ്ടെത്താനാകും. താമസകേന്ദ്രങ്ങൾക്ക് അകത്ത് വാഹനമോടിക്കുമ്പോൾ നിയമം പാലിക്കാൻ കാണിക്കുന്ന അശ്രദ്ധ കുറക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞ ദൂരത്തേക്കുള്ള യാത്രയാണെങ്കിലും നിയമലംഘനങ്ങൾക്ക് സാധാരണപോലെ തന്നെ പിഴ ലഭിക്കും. സംവിധാനം എപ്പോഴാണ് നിലവിൽ വരുകയെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ദുബൈയിൽ വ്യത്യസ്ത തരം റഡാറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ട്രാഫിക് ടെക്നോളജി ഡിപ്പാർട്ട്മെന്റിലെ ഹസൻ അലി താലിബ് അൽ ഹാമിർ പറഞ്ഞു. പലരും വിചാരിക്കുന്നത് അമിതവേഗം മാത്രമേ റഡാർ കണ്ടെത്തുകയുള്ളൂ എന്നാണ്.
നിയമവിരുദ്ധമായ യു-ടേണുകളും മറ്റ് ട്രാഫിക് ലംഘനങ്ങളും പിടികൂടാൻ ഇതുവഴി സാധിക്കും. എമിറേറ്റിലെ റോഡുകളിൽ നൂതന ട്രാഫിക് നിയന്ത്രണ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ലംഘനങ്ങളും അതിന് കണ്ടെത്താനാകുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ദുബൈ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന റഡാറുകൾക്ക് രണ്ട് വശത്തെ പാതകൾ കൂടാതെ, ഒരു ഹൈവേയിലെ ആറ് പ്രധാന പാതകളും നിരീക്ഷിക്കാൻ കഴിയും. നമ്പർ പ്ലേറ്റുകൾ വായിക്കാനും അവ ഏതെങ്കിലും വിധത്തിൽ മറച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനും കഴിയും. ഭാഗികമായി പ്ലേറ്റ് മറച്ചാൽ പോലും ഹൈടെക് ഉപകരണങ്ങൾക്ക് അമിത വേഗവും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താൻ കഴിയും.
നൂതന റഡാറുകൾക്ക് പുറമെ, ദുബൈ പൊലീസ് കമാൻഡ് കൺട്രോൾ സെന്ററിലെ കൂറ്റൻ സ്ക്രീനുകൾ വഴിയും റോഡുകൾ നിരീക്ഷിക്കുന്നുണ്ട്. ഇതുവഴി റോഡിൽ ഗതാഗതക്കുരുക്കുണ്ടോ എന്നതും ഡ്രൈവർക്ക് സഹായം ആവശ്യമുണ്ടെങ്കിലും കണ്ടെത്താനാകും.