വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്ന സർവേയിൽ റിപബ്ലിക്കൻ സ്ഥാനാർഥി ട്രംപിനേക്കാളും മുൻതൂക്കം വൈസ് പ്രസിഡന്റ് കമലഹാരിസിന്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ചതിന് ശേഷം നടത്തിയ ആദ്യ സർവേയിലാണ് കമല ഹാരിസിന് മുൻതൂക്കമുണ്ടായത്.
റോയിട്ടേഴ്സ്/ഇപ്സോസ് സർവേ പ്രകാരം കമല ഹാരിസിന് 44 ശതമാനം വോട്ടുകളും ട്രംപിന് 42 ശതമാനം വോട്ടുകളും ലഭിച്ചു. ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ച് രണ്ടു ദിവസത്തിനകം നടത്തിയ സർവേയുടെ ഫലങ്ങളാണ് റോയിട്ടേഴ്സ് പുറത്ത് വിട്ടത്. മുമ്പ് നടത്തിയ സർവേയിൽ 44 ശതമാനം വോട്ടോടെ ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പമായിരുന്നു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക നാമനിർദേശം ഉടൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കക്കാർക്ക് പൂർണ സ്വാതന്ത്ര്യവും അവകാശങ്ങളും ലഭിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് രാജ്യത്തെ തിരികെ കൊണ്ടുപോകാനാണ് റിപ്പബ്ലികൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു. പ്രസ്താവനയുടെ പകർപ്പ് അവർ ‘എക്സി’ൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേസമയം, യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നാടകീയമായി ജോ ബൈഡൻ പിന്മാറിയതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ നിയുക്ത പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിന്റെ പ്രചാരണത്തിന് 81 മില്യൺ ഡോളർ സംഭാവന ലഭിച്ചതായി ഡെമോക്രാറ്റിക് പ്രചാരണ വിഭാഗം അറിയിച്ചിരുന്നു.