ഇരിങ്ങാലക്കുട: കാട്ടൂർ വലക്കഴയിൽ ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിർത്തി വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കാട്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി മുനയം കോഴിപറമ്പിൽ വീട്ടിൽ പ്രണവാണ് (30) പിടിയിലായത്. തൃശൂർ റൂറൽ എസ്.പി നവനീത് ശർമയുടെയും ഡി.വൈ.എസ്.പി സുമേഷിന്റെയും നിർദേശ പ്രകാരം കാട്ടൂർ എസ്.ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. അഞ്ച് മാസം മുമ്പ് നടന്ന സംഭവത്തിൽ വലക്കഴ സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സുഹൃത്തുക്കളുമൊത്ത് ചിറക്കലുള്ള ബാറിൽ മദ്യപിക്കാൻ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.ജി. ധനേഷ്, ശ്യാം എന്നിവർ തന്ത്രപൂർവം ഇയാളെ കീഴടക്കുകയായിരുന്നു.
പ്രതി നിലവിൽ കാപ്പ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയയാളാണ്. കയ്പമംഗലം, കാട്ടൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. എസ്.ഐ ബാബു ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജയൻ, കിരൺ, ജിതേഷ്, അഭിലാഷ്, ധനേഷ്, സ്പെഷൽ ബ്രാഞ്ച് ഓഫിസർ ഫെബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.