മനാമ: യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ സന്ദേശവുമായി മ്യൂസിക്കൽ ആൽബം, ചാരിറ്റി, പെയിന്റിങ് ഉൾക്കൊള്ളിച്ച പീസ് കാമ്പയിൻ ആൽബത്തിന്റെ പ്രകാശനം കെ.സി.എ ഹാളിൽ നടന്നു. ചടങ്ങിൽ എസ്.വി. ബഷീർ, ഷംസുദ്ദീൻ വെള്ളികുളങ്ങര, ഫിറോസ് തിരുവത്ര, വി. അനീസ്, ഷെമിലി പി. ജോൺ എന്നിവർ സംബന്ധിച്ചു. വിഖ്യാത ഉർദു കവി ഷാഹിദ് മീറിന്റെ കവിതയും വിഖ്യാത ഫലസ്തീൻ കവി മഹ്മൂദ് ദർവീഷിന്റെ പ്രശസ്ത വരികളും കോർത്തിണക്കിയ ‘പീസ്’ ഗസലിന്റെ ഔട്ട്ലുക്ക് പോസ്റ്ററും ചടങ്ങിൽ പ്രദർശിപ്പിച്ചു.
യുദ്ധവും സമാധാനവും സമന്വയിപ്പിച്ച സന്ദേശമുൾക്കൊള്ളുന്നതാണ് ആൽബം. യുദ്ധവും അധിനിവേശവും മനസ്സിലേൽപിക്കുന്ന ദുഃഖഭാരം മൂലം ഒരു കലാകാരൻ ദൈവവുമായി പ്രാർഥന രൂപത്തിൽ സംവദിക്കുന്നതാണ് ആൽബത്തിന്റെ ഇതിവൃത്തം. ഹാഷിം റഹ്മാനാണ് ഗാനത്തിന്റെ പുനരാവിഷ്കാരവും ആലാപനവും കാരക്ടറും ചെയ്തിരിക്കുന്നത്. ഹാരിസ് ഇക്കാച്ചു ഛായാഗ്രഹണവും രാജേഷ് ജയകുമാർ കളറിങ്ങും നിർവഹിച്ചു. ഓർക്കസ്ട്രേഷൻ സാന്റിയും റെക്കോഡിങ് ആന്റണിയും നിർവഹിച്ചു.ഗതകാല സ്മരണകളുണർത്തുന്ന വടകരയുടെ ഗസൽ-ഉർദു പാരമ്പര്യത്തെക്കുറിച്ചും പീസ് ആൽബത്തിന്റെ സാമൂഹിക മാനങ്ങളെക്കുറിച്ചും എസ്.വി. ബഷീർ സംസാരിച്ചു.
സാമൂഹിക ജീവിതത്തിൽ കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും സമകാലികലോകത്ത് പീസ് അഥവ സമാധാനം എന്ന വാക്ക് പോലും ഉദ്ഘോഷിക്കുന്ന കലാസൃഷ്ടികൾ മഹത്തരമാണെന്നും ഫിറോസ് തിരുവത്ര അഭിപ്രായപ്പെട്ടു. സമാധാനവും സംഗീതവും ചാരിറ്റിയും സമന്വയിപ്പിക്കുന്ന ഉദ്യമങ്ങൾ തികച്ചും പ്രോത്സാഹനമർഹിക്കുന്നതാണെന്ന് ശംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. കലയും രാഷ്ട്രീയവും പാടുകയും പറയുകയും ചെയ്യുന്നത് നിലവിലെ സാഹചര്യങ്ങളിൽ വെല്ലുവിളി നിറഞ്ഞതാണെങ്കിലും മഹത്തരമാണെന്ന് വി. അനീസ് അഭിപ്രായപ്പെട്ടു.
സമാധാനം എന്ന ഏറ്റവും കാലിക പ്രാധാന്യമുള്ള കാമ്പയിനുകൾ പ്രതീക്ഷനിർഭരമാണെന്ന് ഷെമിലി പി. ജോൺ പറഞ്ഞു. പീസ് ലോഗോ മുസ്തഫ മ്യൂസും പെയിന്റിങ് മുബി ഹാഷിം റഹ്മാനും പ്രകാശനം ചെയ്തു. ആഷിതാ ഹാരിസ് സദസ്സ് നിയന്ത്രിച്ചു.