കോയമ്പത്തൂർ: കോയമ്പത്തൂരിൽ മദ്യപിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ മോഷണത്തിനിടെ ഉറങ്ങിപ്പോയി. കാട്ടൂർ രാംനഗറിലെ നെഹ്റു സ്ട്രീറ്റിൽ താമസിക്കുന്ന രാജന്റെ വീട്ടിലാണ് സംഭവം. ഉറങ്ങിപ്പോയ മോഷ്ടാവ് കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനെ വീട്ടുടമയും പൊലീസും ചേർന്ന് പിടികൂടി.
കഴിഞ്ഞദിവസം പകൽസമയത്ത് രാജൻ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തു കയറി എല്ലാ മുറികളിലും പണവും ആഭരണങ്ങളും തെരഞ്ഞു. ഇതിനിടെ ക്ഷീണം തോന്നിയതോടെ കിടപ്പുമുറിയിൽ ഉറങ്ങി.
രാജൻ തിരികെയെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീട് പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടൻ കാട്ടൂർ പൊലീസിൽ വിവരമറിയിച്ചു. എസ്.ഐ.മാരായ പളനിച്ചാമി, പെരുമാൾസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ മോഷ്ടിക്കാൻ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.