മസ്കത്ത്: ഒമാനിലെ സാമൂഹിക പ്രവർത്തകയും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപവത്കരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ കേരള വിഭാഗം അനുശോചനയോഗം സംഘടിപ്പിച്ചു. ഒമാനിലെ പ്രമുഖ സംഘടന പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു.
ലോക കേരളസഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു. കേരള വിഭാഗം വനിത കോഓഡിനേറ്റർ ശ്രീജ രമേശ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, മലബാർ വിങ് കോ കൺവീനർ സിദ്ദീഖ് ഹസൻ, കേരള വിങ് ട്രഷറർ അംബുജാക്ഷൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, അജയൻ പൊയ്യാറ, സുധി പത്മനാഭൻ, കൃഷ്ണേന്ദു, നിധീഷ് മണി, എൻ.ഒ. ഉമ്മൻ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
ഒമാനിലെ സാമൂഹിക സേവനരംഗത്ത് കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്ന മോളി ഷാജി. ഭർത്താവ് ഷാജി സെബാസ്റ്റ്യനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. സാധുവായ രേഖകളില്ലാത്ത പ്രവാസികൾക്ക് ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ അവസരങ്ങളിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ച് മോളി ഷാജി നടത്തിയ വളന്റിയർ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നെന്നും പങ്കെടുത്തവർ അനുസ്മരിച്ചു.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ സ്വാഗതവും കോകൺവീനർ കെ.വി. വിജയൻ നന്ദിയും പറഞ്ഞു.