കോഴിക്കോട്: കോഴിക്കോട് ചികിത്സയിലുള്ള മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം തന്നെയെന്ന് വീണ്ടും സ്ഥിരീകരണം. പുതുച്ചേരി വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം വീണ്ടും സ്ഥീരികരിച്ചത്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
വെള്ളച്ചാട്ടത്തിൽ കുളിച്ച കുട്ടിക്ക് പനി പിടിക്കുകയായിരുന്നു. തുടർന്ന് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണം കാണിച്ചതോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തി. പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് കണ്ടെത്തി.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും കുടുംബം സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പുതുച്ചേരി ലാബിലേക്ക് സാംപിൾ പരിശോധനക്ക് അയച്ചത്.
കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനും മസ്തിഷ്ക ജ്വര ലക്ഷണവുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഈ കുട്ടിയുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്.
ജർമനിയിൽ നിന്നെത്തിയ മരുന്ന് രണ്ട് കുട്ടികൾക്കും നൽകുന്നുണ്ട്. മൂന്നര വയസുകാരൻ വെന്റിലേറ്ററിലും നാല് വയസുകാരൻ വാർഡിലുമാണ് കഴിയുന്നത്.