കൊച്ചി: സ്കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ബാഗില്ലാ ദിനങ്ങൾ നടപ്പാക്കാൻ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതികളുന്നയിക്കുന്ന സാഹചര്യത്തിലാണിത്.
പുസ്തകഭാരം കുറക്കുന്നതിന്റെ ഭാഗമായി എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളാക്കിയാണ് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് 100 – 120 പേജാണുണ്ടാവുക. ഭാരം കുറക്കുന്നതിൽ ഇത് സഹായകരമല്ലെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ മാർഗങ്ങൾ തേടുന്നത്. നിലവിൽ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ ബാഗ് ഭാരം 1.6 മുതൽ 2.2 കിലോഗ്രാമാണ്. പത്താം ക്ലാസുകാരുടേത് രണ്ടര കിലോക്കും നാലര കിലോക്കും ഇടയിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് മാസത്തിൽ നാലുദിവസമെങ്കിലും ബാഗില്ലാ ദിനങ്ങൾ കൊണ്ടുവരുന്നതും സജീവമായി പരിഗണിക്കുന്നത്.
ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണവും ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി എസ്.സി.ഇ.ആർ.ടി തയാറാക്കിയ ഭാഷാവിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ്, ജിയോളജി, ജേണലിസം, ഫിലോസഫി, ആന്ത്രപ്പോളജി വിഷയങ്ങളാണ് പരിഷ്കരിക്കുന്നത്. എസ്.സി.ഇ.ആർ.ടിയുടെ 38 പുസ്തകങ്ങളും എൻ.സി.ഇ.ആർ.ടിയുടെ 44 പുസ്തകങ്ങളുമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇത് യഥാക്രമം 2013, 2005 വർഷങ്ങളിൽ തയാറാക്കിയതാണ്. 2026ഓടെ പരിഷ്കരണ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.