അബഹ: അസീർ പ്രവിശ്യയിലെ മാപ്പിളകലാ പ്രേമികളുടെയും കലാകാരന്മാരുടെയും സംയുക്ത സംഗമം സംഘടിപ്പിച്ചു. ഖമീസ് ജൂബിലി ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം മീഡിയവൺ ചാനൽ സൗദി ചീഫ് അഫ്താബുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
സ്നേഹവും സാഹോദര്യവും സൗഹാർദവും ഊട്ടിയുറപ്പിക്കുന്ന ഈ മഹത്തായ കല നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് എല്ലാ അർഥത്തിലുമുള്ള ശക്തമായ പ്രോത്സാഹനങ്ങൾ നൽകാൻ മാപ്പിള കലാ അക്കാദമി സൗദി കമ്മിറ്റികൾക്ക് സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. മാപ്പിള കലാ അക്കാദമി സൗദി നാഷനൽ പ്രസിഡന്റ് ബഷീർ മുന്നിയൂർ അധ്യക്ഷത വഹിച്ചു.
തമ്പാൻ അബ്ദുസ്സലാം ആലപിച്ച പ്രാർഥന ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സലീം കൽപറ്റ, സൈനുദ്ദീൻ അമാനി, മുഹമ്മദ് മട്ടന്നൂർ, ഇബ്രാഹിം പട്ടാമ്പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വഹിദ് മുറയൂർ, അൻസാർ, മുസ്തഫ മണ്ണാർക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. പുതിയ നേതൃത്വത്തിന്റെ പാനലിന് യോഗം അംഗീകാരം നൽകി. സിറാജ് വയനാട് സ്വാഗതം പറഞ്ഞു.