മനാമ: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ഹമദ് ടൗണിലെ ഒരു കഫറ്റീരിയ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ശുചിത്വവും ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചില്ലെന്നു മാത്രമല്ല, ഇലക്ട്രിക്കൽ വയറിങ്ങിലും അപാകതകളുണ്ടായിരുന്നു.
നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും ഏരിയ കൗൺസിലറുമായ അബ്ദുല്ല അൽ ഖൊബൈസിയുടെ നേതൃത്വത്തിലാണ് ഇൻസ്പെക്ടർമാരുടെ സംഘമെത്തി അടച്ചു പൂട്ടിയത്. ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, നോർത്തേൺ മുനിസിപ്പാലിറ്റി, വ്യവസായ വാണിജ്യ മന്ത്രാലയം, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സി.ആറിൽ പരാമർശിക്കാത്ത വ്യാപാരം നടത്തുന്ന കടകൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ തിരുത്തലുകൾ വരുത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നടപ്പാതയിലും റോഡിലും സാധനങ്ങൾ വെക്കുന്നതോ ജനവാസ മേഖലകളിലേക്കുള്ള പ്രവേശനം തടയുന്നതോ ആയ കടകൾക്കും നിയമലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്.