തബൂക്ക്: ഈ വർഷം ആറു മാസത്തിനുള്ളിൽ 930ലധികം സന്നദ്ധസേവന പദ്ധതികൾ നടപ്പാക്കി തബൂക്ക് മുനിസിപ്പാലിറ്റി മാതൃകയാകുന്നു. 2864 സ്ത്രീ-പുരുഷ സന്നദ്ധ സേവന പ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് തബൂക്കിലെ വിവിധ ഭാഗങ്ങളിൽ പദ്ധതി നടപ്പാക്കിയത്. ‘കമ്യൂണിറ്റി പാർട്ടിസിപ്പേഷൻ ഡിപ്പാർട്ട്മെൻറ്’ പ്രതിനിധീകരിക്കുന്ന തബൂക്ക് റീജൻ മുനിസിപ്പാലിറ്റി സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സന്നദ്ധപ്രവർത്തനത്തെ പിന്തുണക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമായതായി വിലയിരുത്തുന്നു.
തബൂക്കിലെ വിവിധ പ്രദേശങ്ങളിൽ മെച്ചപ്പെട്ട പാരിസ്ഥിതിക അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികൾ ഉപകരിച്ചതായി കമ്യൂണിറ്റി പാർട്ണർഷിപ്പ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബസ്മ അൽ ബലാവി പറഞ്ഞു. തബൂക്ക് പ്രദേശത്തിന്റെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സഹകരണം ഉറപ്പുവരുത്താനും മുനിസിപ്പാലിറ്റിയുടെ വിവിധ പദ്ധതികൾ വഴി സാധ്യമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗ്രീൻ സൗദി അറേബ്യ’ എന്ന സംരംഭത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ തുടരുമെന്നും 4,000ത്തിലധികം തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുകയാണെന്നും അധികൃതർ അറിയിച്ചു.