കൊച്ചി: മസാല ബോണ്ട് ഇടപാടിൽ ഫെമ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. എല്ലാവരുടെയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് ടി.ആർ. രവി ഹരജി വിധിപറയാൻ മാറ്റിയത്.
അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനാണ് തോമസ് ഐസക്കിനും കിഫ്ബിക്കും ഇ.ഡി സമൻസ് അയച്ചത്. എന്നാൽ, കാരണം വ്യക്തമാക്കാതെയാണ് ഇ.ഡി സമൻസ് നൽകുന്നതെന്നാണ് തോമസ് ഐസക്കിന്റെ വാദം. വ്യക്തമായ വിഷയം കാട്ടാതെ ലക്ഷ്യമില്ലാത്ത അന്വേഷണത്തിനാണ് ഇ.ഡി ഒരുങ്ങുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഇ.ഡിയുടേത് പരിധിവിട്ടുള്ള ഇടപെടലാണെന്നുമാണ് കിഫ്ബി വാദം. അതേസമയം, അന്വേഷണം നിയമപരമാണെന്നാണ് ഇ.ഡി പറയുന്നത്.