തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് മാത്രമാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ന് (22-07-2024) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും (23-07-2024) ബുധനാഴ്ചയും (24-07-2024) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, വ്യാഴാഴ്ച (25-07-2024) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, വെള്ളിയാഴ്ച(26-07-2024) എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് (22-07-2024) മുതൽ വെള്ളിയാഴ്ച(26-07-2024) വരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് ചൊവ്വാഴ്ച (23-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.0 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം .