മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ സ്തംഭിച്ച് ജനജീവിതം. തലസ്ഥാന നഗരമായ മുംബൈക്ക് പുറമെ പുണെ, താനെ എന്നിവിടങ്ങളിലും മഴ കനത്ത നാശം വിതച്ചു. മിക്കയിടത്തും വെള്ളംകയറി. വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പുണെയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിൽ കനത്തമഴയെത്തുടർന്ന് വിമാനസർവീസുകൾ തടസപ്പെട്ടു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നു. സിയോൻ, അന്ധേരി, ചെമ്പൂർ, കുർള എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വെള്ളിയാഴ്ച രാവിലെവരെ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പുണെയിൽ വൈദ്യുതാഘാതമേറ്റ് മൂന്നുപേരടക്കം നാല് മരണവും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളക്കെട്ടിലൂടെ നടന്നവർക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് ഷോക്കേൽക്കുകയായിരുന്നു. മഴ രൂക്ഷമാകുന്നതിൽ ഭരണസംവിധാനം ജാഗ്രത പാലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ വ്യക്തമാക്കി. ദുരന്തനിവാരണ ഏജൻസികൾക്ക് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.