മലപ്പുറം: മലപ്പുറം ജില്ലയിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. മലപ്പുറം കുന്നുമ്മൽ താമരകുഴിയിൽ വാഹനത്തിന് മുകളിലേക്ക് മരം വീണു. രാവിലെ 8.45 നാണ് മിനി ലോറിക്ക് മുകളിലാണ് മരം വീണത്. വാഹനത്തിൽ കുടിങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എടവണ്ണപ്പാറയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന് മുന്നിലേക്ക് മരം കടപുഴകി വീണു. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുറായിൽ വെച്ചാണ് സംഭവം. ബസ് ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. മരം മുറിച്ചുമാറ്റി ഗതാഗതം സ്ഥാപിച്ചു.
ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പടുകൂറ്റന്‍ പൂമരം കടപുഴകി അപകടം ഉണ്ടായി. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. തിരക്കേറിയ പാതയില്‍ അപകട സമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കുന്നംകുളത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
എടവണ്ണ – കൊയിലാണ്ടി പാതയിൽ അരീക്കോടിനടുത്ത വടശേരിയിൽ വീണ മരം അഗ്നി രക്ഷാ സേനയും ഇ ആർ എഫ് പ്രവർത്തകരും ചേർന്ന് മുറിച്ചു മാറ്റി. കരുവാരകുണ്ടിൽ സ്വകാര്യ ഭൂമിയിൽ നേരത്തെ മണ്ണെടുത്ത ഭാഗത്ത് ഇന്നലെ വൈകിട്ട് മണ്ണിടിച്ചിലുണ്ടായി. കൊളക്കാടൻ അബ്ദുറഹിമാന്റെ വീടിൻ്റെ മുറ്റത്തേക്കാണ് മണ്ണിടിഞ്ഞു വീണത്.
കാടാമ്പുഴയിൽ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് ഹനീഫയുടെ വീടിന് മുകളിലേക്കാണ് തേക്ക് മരം പൊട്ടി വീണത്. ആർക്കും പരിക്കില്ല. വീട്ടിലെ ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു. കെ.ഇ.ടി എമർജൻസി ടീം, റെസ്ക്യു ഫോഴ്സ് എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി.
തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ ബ്രിഡ്ജിന്റെ 26 ഷട്ടറുകൾ തുറന്നതിനെ തുടർന്ന് ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയുടെ തീരത്ത് പാലക്കാട് ജില്ലാ അധികൃതർ ജാഗ്രത നിർദേശം നൽകി. തൂതപ്പുഴ, തിരൂർ- പൊന്നാനിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.