ന്യൂഡൽഹി: കേരളത്തിലെ മനുഷ്യ -വന്യജീവി സംഘർഷത്തിന് അയവുവരുത്തുന്നത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് യു.ഡി.എഫ്- എൽ.ഡി.എഫ് എം.പിമാരുടെ പ്രതിനിധി സംഘത്തെ അറിയിച്ചു.
ജന ജീവിതം ഏറെ ദുസ്സഹമാക്കുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന് അയവുവരുത്താൻ അടിയന്തര ഇടപെടലുകള്‍ക്കായി കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ സംഘം കണ്ട് നിവേദനം നൽകിയപ്പോഴാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഇക്കാര്യമറിയിച്ചത്. തീരദേശപരിപാലന നിയമം നടപ്പാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
ബജറ്റിൽ കേരളത്തോടുള്ള വിവേചനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു മുന്നണികളുടെയും എം.പിമാർ ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും.
വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിന് സെന്‍സര്‍ അധിഷ്ഠിത സാങ്കേതികവിദ്യകളും മുന്നറിയിപ്പ് സംവിധാനം ഒരുക്കി റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ വിന്യസിക്കണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രദേശിക ജനപ്രതിനിധികളും നേതാക്കളും ഉള്‍പ്പെടുന്ന ‘ജന ജാഗ്രതാ സമിതികൾ’ ശക്തിപ്പെടുത്തണമെന്നും എം.പിമാര്‍ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തില്‍ ഉറപ്പാക്കുക , വന്യമൃഗ സംഘര്ഷംവന്യമൃഗ സംഘര്‍ഷ പ്രതിരോധ നടിപടികളുടെ ഭാഗമായി കിടങ്ങുകളും മുള്‍വേലികളും നിർമിക്കുക, അന്തര്‍ സംസ്ഥാന ഏകോപനവും ആശയവിനിമയവും സാധ്യമാക്കുക എന്നിവ നിവേദനത്തിലെ ആവശ്യങ്ങളാണ്.
എം.പിമാരായ കെ.സി വേണുഗോപാല്‍, ശശി തരൂര്‍, എന്‍.കെ പ്രേമചന്ദ്രന്, കെ.രാധാകൃഷ്ണന്, സന്തോഷ് കുമാര്‍, അടൂര്‍ പ്രകാശ്, രാജ്മോഹന്‍ ഉണ്ണിത്താന്, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്, ഫ്രാന്‍സിസ് ജോര്‍ജ്, ജെബി മേത്തര്‍, ഹാരീസ് ബീരാന് എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.